Thursday, June 28, 2012





















മഴ കൊള്ളരുതെന്നു വച്ചു മാത്രമല്ല,
വഴിയരികിലെ പഴയൊരോക്കുമരത്തിനടിയില്‍
ഞാന്‍ ചെന്നു നിന്നത്;
പടര്‍ന്ന മേലാപ്പിനടിയില്‍
സുരക്ഷിതനാണു ഞാനെന്നെനിക്കു തോന്നിയിരുന്നു,
ഒരു ജന്മാന്തരസൌഹൃദമാവണം
ഞങ്ങളെയവിടെ ഒരുമിപ്പിച്ചുനിര്‍ത്തിയതും,
നിശ്ശബ്ദരായി,
ഇലകളില്‍ മഴയിറ്റുന്നതു കേട്ടും,
നിറം കെട്ട പകലിലേക്കു കണ്ണയച്ചും,
കാത്തും, അറിഞ്ഞും.
ലോകത്തിനു പ്രായമായിരിക്കുന്നു
ഞങ്ങളോര്‍ക്കുന്നു
ഞങ്ങള്‍ക്കു പ്രായമാവുകയുമാണ്.
ഇന്നു ഞാന്‍ നിന്നു നനയുന്നു,
ഇലകള്‍ കൊഴിയുന്നു,
മുടിയില്‍ വിരലോടുമ്പോള്‍ ഞാനറിയുന്നു,
പരുക്കന്‍ വായുവില്‍
ഒരു ചവര്‍ത്ത മണവും.- ഒലാവ് എഛ് ഹോഗ് (പരിഭാഷ: രവികുമാര്‍)










ഇക്കൊടും വറുതിച്ചൂടി-
ലിന്നീ മിഥുനരാത്രിയില്‍
നീ തന്ന മുത്തുമാലയ്ക്കു
കൂപ്പുകൈ കാലവര്‍ഷമേ!'-പി.കുഞ്ഞിരാമന്‍ നായര്‍
(ഫോട്ടോ: അനുരാജ് നെല്ലിക്കാട്ട്)














അയാള്‍ ആകാശത്തേക്ക് നോക്കി അസ്വസ്ഥനായി നിന്നു. കടുത്ത ചാര നിറത്തിലുള്ള ആകാശം നനഞ്ഞൊലിക്കുകയായിരുന്നു. ആ ചാര നിറത്തിന്റെ ഇടയില്‍ വല്ല വിടവുകളുമുണ്ടോ? വെളിച്ചം ഏതിലൂടെയെങ്കിലും അരിച്ചു വരുന്നുണ്ടോ എന്ന് അയാള്‍ ആകാംക്ഷയോടെ നോക്കിനിന്നു. പക്ഷെ എവിടെയും വെളിച്ചം ഉണ്ടായിരുന്നില്ല. മഴയുടെ ശക്തി കൂടുകയായിരുന്നു. കാറ്റ് മൂളിക്കൊണ്ടിരുന്നു. മുളങ്കാടുകളെ കിടിലം കൊള്ളിച്ചു കൊണ്ട് ശരം പോലെ പാഞ്ഞുപോകുന്ന കാറ്റ്. കാറ്റിന്റെ മുഴക്കം മാത്രമേ ഉണ്ടായിരുന്നുള്ളു. കാറ്റ് ഊക്കോടെ വീശുമ്പോള്‍ മഴയുടെ ശബ്ദം നിലച്ചു പോകുന്നു; താളം തെറ്റിപ്പോകുന്നു. കാറ്റിന്റെ ശക്തി കുറയുമ്പോള്‍ വീണ്ടും മഴ; മഴയുടെ ശബ്ദം; മഴയുടെ താളം; മഴ,മഴ..' ടി.പദ്മനാഭന്‍
(ഫോട്ടോ: അനുരാജ് നെല്ലിക്കാട്ട്)










'നടവരമ്പത്തൊരു
കുട്ടിയുണ്ടതിന്‍ , കൈയില്‍
പുസ്തകം, പൊതിച്ചോറും
കുടയാമൊരു തൂശ
നിലയും, അതുകൊത്തി
ക്കുടയന്നുവോ മഴ
ക്കാറ്റിന്റെ കാക്കക്കൂട്ടം?' ഒ.എന്‍ .വി.
...മഴയുടെ വാട്ടര്‍ക്കളര്‍ ...(ഫോട്ടോ: പി.ജയേഷ്)












ഈ പുതുമഴ നനയാന്‍
നീ കൂടെയുണ്ടായിരുന്നെകില്‍
ഓരോ തുള്ളിയെയും ഞാന്‍ നിന്റെ
പേരിട്ടു വിളിക്കുന്നു...
ഓരോ തുള്ളിയായ് ഞാന്‍ നിന്നില്‍
പെയ്തുകൊണ്ടിരിക്കുന്നു...
ഒടുവില്‍ നാം ഒരു മഴയാകും വരെ'- ഡി.വിനയചന്ദ്രന്‍
(ഫോട്ടോ: അജി.വി.കെ)














'കായലിനുമേല്‍ മഴ കോരിപ്പെയ്ത രാത്രിയില്‍ ദൈര്‍ഘ്യം കുറഞ്ഞ ഇടവേളകളിലെത്തിയ മിന്നലിന്റെ വെട്ടത്തില്‍ പരസ്‌പരം നഗ്‌നത കാണാന്‍ ഔത്സുക്യം കാണിച്ച ആ രാത്രിയില്‍ തൂവാനത്തുമ്പുമേറ്റി വന്ന്, ഞങ്ങള്‍ ആ പഴയ കഥ പറഞ്ഞു; ജയകൃഷ്ണനുമൊത്ത് കൂനൂരില്‍ പോയ കഥ. ജയകൃഷ്ണന്‍ എന്ന ഭ്രാന്തന്‍ ചെറുപ്പക്കാരന്റെ ചെയ്തികളുടെ കഥ, ജയകൃഷ്ണന്റെ കഥ' - പത്മരാജന്‍ (ഫോട്ടോ: പി.ജയേഷ്)
















ഒരു ടെലിഫോണ്‍ റിസീവറില്‍ നിന്നും
മദിച്ച മേഘത്തിന്‍ മുരള്‍ച്ച കേള്‍ക്കുന്നു
മഴയുടെ നീലവലയ്ക്കകത്തൊരു
കവിയുടെ ശിലാശിരസുകാട്ടുന്നു
ചിറകുകള്‍ നനഞ്ഞൊലിക്കുമോര്‍മകള്‍
കഴുമരത്തിന്‍മേല്‍ പറന്നിരിക്കുന്നു'- -ബാലചന്ദ്രന്‍ ചുള്ളിക്കാട്
(ഫോട്ടോ: അനുരാജ് നെല്ലിക്കാട്ട്)












തീയെരിഞ്ഞ തിരശ്ശീല ഞാന്നൊര-
പ്പോയകാലം ജലച്ചായശേഖരം
നീ വരുമ്പോള്‍ത്തുറക്കുകയാണു ഞാന്‍
ജാലകങ്ങളില്‍ വര്‍ഷാന്തരങ്ങളില്‍
നീ വരാന്‍ കാത്തിരിക്കുകയാണു ഞാന്‍
ആടിമാസമേ, നിന്നസിതം മുഖം
നീലകേശം, നിലയ്ക്കാത്ത സാന്ത്വനം' - വിജയലക്ഷ്മി






















'പെട്ടെന്ന് വീണ്ടും മഴ. അലറിവരുന്ന മഴയ്ക്ക് നല്ല ഉശാറുണ്ട്. ചരിഞ്ഞാണ് ആകാശത്തുനിന്ന് മഴ വീണത്. ഇറയില്‍നിന്ന് വെളളം മുറ്റത്തേയ്ക്ക് തെറിച്ചുകൊണ്ടിരുന്നു. ഇറയില്‍നിന്നു വീഴുന്ന മഴനാരുകള്‍ക്ക് കയറിന്റെ വണ്ണം. മുറ്റത്ത് ആദ്യം വെള്ളത്തിന്റെ പാടപോലെ. പിന്നെ വെള്ളം പതുക്കെപ്പതുക്കെ പൊങ്ങിവരികയായിരുന്നു. പൊങ്ങിയ വെള്ളത്തില്‍ വീര്‍ത്തുവരുന്ന നീര്‍പ്പോളകള്‍ മഴത്തുള്ളികള്‍തട്ടി പൊട്ടിപ്പോകുന്നു. മുറ്റത്തുനിന്ന് വെള്ളം വരമ്പുകഴിഞ്ഞ്, നടവഴികഴിഞ്ഞ്, വേലികടന്ന് കരഞ്ഞുപാഞ്ഞുപോകയാണ്. തണുത്ത കാറ്റ് മഴയെ ആട്ടിയോടിച്ചു. പെട്ടെന്ന് മഴ ഉറക്കെ കരയാന്‍തുടങ്ങി. മഴയെ കാറ്റ് അടിച്ചോടിക്കുമ്പോള്‍ മഴ പാവാടത്തുണിപോലെ പാറുന്നുണ്ടായിരുന്നു. മണ്ണില്‍നിന്ന് ആവി പൊങ്ങിയിരുന്നു. ആവിയെ മഴ ഒളിപ്പിക്കുന്നതായി തോന്നിയിരുന്നു. മഴ, നല്ല മഴ, മഴ, മഴ, എന്റെ മഴ.'- എന്‍. പി. മുഹമ്മദ് 
(ഫോട്ടോ: അനുരാജ് നെല്ലിക്കാട്ട്)










'ഒരു കൊടുംമഴയത്ത്, പെരുമഴയത്താണ് ഞാന്‍ കുട്ടനാട്ടില്‍ പോയി ഇറങ്ങുന്നത്. കടത്തുകാരന്‍ ഒഴുക്കാണെന്നു പറഞ്ഞു. എന്റെ അപ്പന്റെ മരണമാണെന്ന് ഞാന്‍ പറഞ്ഞു. അവനു മനസ്സിലായി. അവന്‍ കഴുക്കോല്‍ എടുത്ത് ഊന്നുന്നു. ആറ്റില്‍ വാസ്തവത്തില്‍ വെള്ളത്തിന്റെ ഒഴുക്കുണ്ടായിരുന്നു. അവന്റെ കൂടെച്ചേര്‍ന്ന് ഞാനും കഴുക്കോല്‍ എടുത്ത് ഊന്നിയപ്പോള്‍ മാത്രമാണ് എന്റെ മരണത്തേക്കാള്‍ വലുതാണ് ഒഴുക്കെന്ന് മനസ്സിലായത്'- ജോണ്‍ എബ്രഹാം. (ഫോട്ടോ: അജി.വി.കെ)
















'പ്രളയമാണെങ്ങും
ഇടവരാത്രിതന്‍
കരിമുകില്‍ച്ചിറ
മുറിഞ്ഞു പേമഴ
യിടിഞ്ഞു ചാടുന്നു
ഇടയ്ക്കു കൊള്ളിയാന്‍
വെളിച്ചത്തില്‍ക്കാണാം
കടപുഴകിയ
മരങ്ങളും,ചത്ത
മൃഗങ്ങളും,മര്‍ത്ത്യ
ജഡങ്ങളും,ജല
പ്രവാഹത്തില്‍ച്ചുഴ
ന്നൊലിച്ചു പോകുന്നു.' -ബാലചന്ദ്രന്‍ ചുള്ളിക്കാട്
(എപി)














''മരങ്ങള്‍ക്ക് മേലേ നിന്ന ആവിയില്‍ പുതഞ്ഞ മഴ, മഴയുടെ തുള്ളി, വയനമരത്തോട് തൊട്ടുനില്ക്കുന്ന കൊന്നത്തെങ്ങിന്റെ തുഞ്ചാണിയോലയുടെ തുമ്പില്‍ കുരുങ്ങി കീഴോട്ടൊഴുകി ഒഴുകിയൊഴുകി മടലിലുടക്കാതെ ഓലയില്‍ച്ചിതറാതെ തടിയിലൂടെ നെടുനീളെ കീഴോട്ടുരുണ്ട്, തടിയോടുരുമ്മിക്കിടക്കുന്ന മണലില്‍ ഒരു തുളയുണ്ടാക്കി മറയുമ്പോള്‍ , കുട്ടി വാതിലിന്റെ സാക്ഷയിളക്കി, ശബ്ദമുണ്ടാക്കാതെ പുറത്തേക്കിറങ്ങുന്നു. പുറത്തിരുട്ടാണ്. ഇരുട്ടില്‍ മഴ കനക്കുന്നു. പാറി വന്ന മഴ. ചിറകുകള്‍ വിതര്‍ത്തിപ്പറക്കുന്ന കഴുകന്‍മഴ''- പി.പത്മരാജന്‍ . (ഫോട്ടോ: പി.ജയേഷ്)














അങ്ങനെ മറ്റൊരു മഴക്കാലം.... 
ഓരോ മഴക്കാലവും ഓര്‍മ്മയുടെ ചെപ്പിനുള്ളില്‍ ഒരായിരം 
വര്‍ണ്ണച്ചിത്രങ്ങള്‍ സമ്മാനിക്കുന്നു......... 
മഴക്കാലം പുതുമണം 
മാറാത്ത പുസ്തകക്കെട്ടുകളുടേയും പുതുയൂണിഫോമിന്റേയും 
ഓര്‍മ്മകളിലേക്ക് കൊണ്ട് പോകുന്നു. 
കോരിച്ചൊരിയുന്ന ഈ മഴയില്‍ വീണ്ടും 
കൊച്ചുകുട്ടിയാവാനുള്ള ആഗ്രഹം തീവ്രമാകും... (എ.പി ഫോട്ടോ)